ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന കൂട്ടുകുടുംബ അച്ചായന്‍ പടവുമായി വന്ന് ലാലും കൂട്ടരും കൊയ്തുകേറിപ്പോയതുകണ്ടപ്പോള്‍ മമ്മൂട്ടിക്കും മലയാളസിനിമയിലെ മറ്റൊരു ലാലായ സിദ്ദീഖ് ലാലിലെ ലാലിനും ഒരാവേശം. അവര്‍ കോട്ടയംബ്രദേഴ്സ് എന്നൊരു അച്ചായന്‍ സിനിമയുമായി വരികയാണ്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രമുഖചിത്രങ്ങളിലൊന്നായിരിക്കും കോട്ടയം ബ്രദേഴ്സ് എന്നാണ് അറിയുന്നത്.
ചിത്രം രചനയും സംവിധാനവും ലാല്‍തന്നെയാണ്. ഹരിഹര്‍നഗര്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ക്കുശേഷം ലാല്‍ ചെയ്ത യുവതാരചിത്രം ടൂര്‍ണമെന്റ് എട്ടുനിലയില്‍ പൊട്ടിയ ക്ഷീണം മാറ്റാനാണ് ലാല്‍ വീണ്ടും സൂപ്പര്‍താരചിത്രം തന്നെയൊരുക്കുന്നത്. പെട്ടെന്നെഴുതിയ തിരക്കഥയാണ് ടൂര്‍ണമെന്റിന്റെ പതനത്തിനു കാരണമായതെന്ന വിലയിരുത്തലില്‍ കോട്ടയം ബ്രദേഴ്സിന് കൂടുതല്‍ സമയമെടുത്താണത്രേ തിരക്കഥ എഴുതുന്നത്. സീനുകളുടെ എണ്ണമൊക്കെ സിനിമയ്ക്കു പാകത്തിനായിരിക്കും. പക്ഷേ ഓരോ സീനും എഴുതാന്‍ സമയം കൂടുതലെടുക്കുമെന്നു മാത്രം.
മമ്മൂട്ടിയും ലാലും ഒന്നിച്ചാണ് സഹോദരക്കളി നടത്തുന്നത്. ഇവര്‍ ഇതേ കളികളിച്ച തൊമ്മനും മക്കളും വന്‍വിജയമായിരുന്നു.
മമ്മൂട്ടി കോട്ടയം അച്ചായനോ കോട്ടയംകാരനോ ആയി വന്നപലചിത്രങ്ങളും വന്‍വിജയമായതും ഈ ചാട്ടവീശിനു കാരണമാകുന്നെന്നു പറയാം. കൂടെവിടെ, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ പടങ്ങള്‍ ഈ ജനുസ്സില്‍ പെട്ടവയാണ്. എന്നാല്‍, നസ്രാണി പോലുള്ള പടങ്ങള്‍ കൂറ്റന്‍ വീഴ്ചയായിരുന്നെന്നതും ചരിത്രമാണ്.
ഏതായാലും ക്രിസ്ത്യന്‍ ബ്രദേഴ്സിനു പിന്നാലെ കോട്ടയം ബ്രദേഴ്സു വരുന്നതിന്റെ ബോക്സോഫീസ് അവസ്ഥ കണ്ടുതന്നെ അറിയണം. ഒരു കാക്ക വാഴക്കൈമേലിരുന്നു കിണറ്റില്‍ വീണു മോതിരം കിട്ടിയപ്പോള്‍ മറ്റേ കാക്ക വാഴക്കൈ കൊത്തിയൊടിച്ചായാലും കിണറ്റില്‍ വീണുനോക്കുക തന്നെ...
No comments:
Post a Comment