Friday, May 27, 2011

മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയും കടന്നു മുന്നോട്ട്


മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയും കടന്നു മുന്നോട്ട്

മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം അണിയറയിലൊരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കസനോവയാണു മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമായി പുറത്തിറങ്ങാനൊരുങ്ങുന്നത്. 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണു മോഹന്‍ലാലെന്ന നടന്‍ ജനിക്കുന്നതെങ്കിലും 1980ല്‍ പുറത്തുവന്ന നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലാണ് മോഹന്‍ലാല്‍ എന്ന നടന്‍ പ്രേക്ഷകരുടെ പരിചയവലയത്തില്‍ വരുന്നത്.
ആദ്യകാലത്ത് വില്ലന്‍വേഷങ്ങളിലും സഹവില്ലന്‍ വേഷങ്ങളിലും തളഞ്ഞുകിടന്ന ലാല്‍ ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് ഉപനായകവേഷങ്ങളിലേക്കെത്തിയത്. ആ ചിത്രത്തിലെ വേഷം പ്രേക്ഷകരുടെ പ്രീതി നേടിയതിനെത്തുടര്‍ന്ന് ഐ.വി.ശശിയുടെയും മറ്റും ചിത്രങ്ങളില്‍ നായകതുല്യവേഷങ്ങളിലേക്കു ചുവടുമാറ്റാന്‍ കഴിഞ്ഞു. തുടര്‍ന്നു നായകനായി ചിത്രങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ നായകവേഷമായ വിന്‍സെന്റ് ഗോമസിന്റെ ജനപ്രീതിയെത്തുടര്‍ന്നാണ് നായകനെന്നനിലയില്‍ സൂപ്പര്‍താരത്തിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. പിന്നീടിന്നു വരെ കാര്യമായി തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത പ്രയാണമായിരുന്നു ലാലിന്റേത്.
ഇതിനിടെ നാലു തവണ സംസ്ഥാനഅവാര്‍ഡും രണ്ടുതവണ ദേശീയ അവാര്‍ഡും നേടാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. ഒരു വര്‍ഷം വരെ ഓടിയ ചിത്രമെന്ന ചിത്രത്തിനു പുറമേ, നൂറും നൂറ്റമ്പതും ദിവസമോടിയ അനേകം ചിത്രങ്ങള്‍ ലാലിന്റേതായിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും ജനപ്രിയനായ താരവും മോഹന്‍ലാലാണ്. മലയാളസിനിമയില്‍ 32 വര്‍ഷം പൂര്‍ത്തിയാക്കിയ നടനാണു മോഹന്‍ലാല്‍.
ഇടക്കാലത്ത് പ്രിന്‍സ്, യാത്രാമൊഴി, കാലാപാനി തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തോടെ 1996-97 കാലഘട്ടത്തില്‍ അല്പം പതറിയിരുന്നുവെങ്കിലും വീണ്ടും കൂടുതല്‍ ഉയര്‍ന്ന താരപദവിയിലേക്കാണ് ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളുടെ വിജയം 1998-2000 കാലത്തു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍, നരസിംഹത്തിനു ശേഷം വന്ന ചിത്രങ്ങളായ ശ്രദ്ധ, ദേവദൂതന്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയവയുടെ പരാജയം വീണ്ടും ചെറിയൊരു പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ബാലേട്ടന്റെ വിജയത്തോടെ വീണ്ടും താരങ്ങളുടെ താരമായി ലാല്‍ മാറി. ഈയടുത്തകാലത്ത് വീണ്ടും ചില ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും ശിക്കാറിന്റെ വന്‍വിജയത്തോടെ വീണ്ടും ലാല്‍ ജനപ്രീതിയുടെ കാര്യത്തില്‍ വന്‍മുന്നേറ്റത്തിലാണ്.
300 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ സൂപ്പര്‍താരങ്ങള്‍ ഇന്നത്തെ തലമുറയില്‍ അധികമില്ലെന്നതാണു ലാലിന്റെ നേട്ടത്തെ വ്യത്യസ്തമാക്കുന്നത്. ലാലിനൊപ്പം അഭിനയരംഗത്തേക്കുവരികയും മുന്നേറുകയും ചെയ്ത മമ്മൂട്ടി മാത്രമാണു് ലാലിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച ഈ തലമുറയിലെ താരനായകന്‍

Home.

No comments: